അന്താരാഷ്ട്ര വയോജനദിന സംസ്ഥാനതല പരിപാടികളുടെ ഉദ്ഘാടനവും വയോസേവന അവാര്‍ഡ് സമര്‍പ്പണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളില്‍ കര്‍മ്മശേഷി വിനിയോഗിച്ച് നിരവധി വയോജനങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു എന്നത് അഭിമാനകരമാണ്. പ്രായത്തിന്റെ അവശതകളിലും തന്റെ കര്‍മ്മ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്ന ഒട്ടനവധി പേരുണ്ടെന്ന് മന്ത്രി പറഞ്ഞു.
ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരം പ്രശസ്ത നിരൂപക ഡോ.എം ലീലാവതിക്കും മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രനും മന്ത്രി സമ്മാനിച്ചു. ലീലാവതിക്ക് വേണ്ടി മകന്‍ വിനയകുമാറാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. മികച്ച വയോജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ലാ പഞ്ചായത്തിനുള്ള ഒരു ലക്ഷം രൂപയുടെ വയോസേവന പുരസ്‌കാരത്തിന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അര്‍ഹമായി. മികച്ച സാമൂഹ്യസേവനത്തിനുള്ള പ്രത്യേക പുരസ്‌കാരത്തിന് തൃശൂര്‍ സ്വദേശി സി വി പൗലോസ് അര്‍ഹനായി. ചിത്രരചനാ മത്സരത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി സര്‍ട്ടിഫിക്കറ്റ് കൈമാറി. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.