കോടതി ഉത്തരവിനെ തുടര്‍ന്നാണ് ബാങ്ക് അധികൃതര്‍ സീല്‍ ചെയ്ത വീടിന്റെ താക്കോല്‍ തിരികെയേല്‍പ്പിച്ചത്. സര്‍ക്കാര്‍ റിസ്‌ക് ഫണ്ടില്‍ നിന്നും എഴുപത്തി അയ്യായിരം രൂപ ഓമനയ്ക്ക് നല്‍കാനും തീരുമാനമായിട്ടുണ്ട്.നിലവില്‍ ബാങ്കിലെ കുടിശ്ശിക അടച്ചു തീര്‍ക്കാനായി സാവകാശവും അനുവദിച്ച് നല്‍കിയിട്ടുണ്ട്. വായ്പയായെടുത്ത ഒന്നരലക്ഷം രൂപ തിരിച്ചടക്കാത്തതിന്റെ പേരില്‍ ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് തൃശ്ശൂര്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക് അധികൃതരെത്തി ഓമനയുടെ വീട് ജപ്തി ചെയ്തത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ജപ്തി നടപടി പൂര്‍ത്തിയാക്കിയതോടെ ഓമനയും മക്കളും പെരുവഴിയിലായി. ഇവര്‍ വീടിന് പുറത്ത് നില്‍ക്കുന്ന വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ നേരിട്ടെത്തി കുടിയൊഴിപ്പിക്കില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നു . എംഎല്‍എയുടെയും സഹകരണവകുപ്പ് മന്ത്രിയുടെയും ഇടപെടലില്‍ താക്കോല്‍ തിരികെ ലഭിച്ച നടപടിയില്‍ സന്തോഷമുണ്ടെന്നും ബാക്കി കുടിശിക ജോലി ചെയ്ത് തിരിച്ചടയ്ക്കുമെന്നും ഓമന പ്രതികരണമറിയിച്ചു. വായ്പയുടെ കുടിശിക തുകയായി മൂന്ന് ലക്ഷത്തോളം രൂപയാണ് ഓമന തിരികെ അടയ്ക്കാനുള്ളത്.