Menu

Follow Us On

THE TOP 10 TOURIST DESTINATIONS IN MALAPPURAM

മലപ്പുറം ജില്ലയിലെ മികച്ച 10 വിനോദസഞ്ചാര കേന്ദ്രങ്ങള്‍

മലപ്പുറം നല്ല ഭംഗിയുള്ളൊരു ജില്ലയാണെന്നു നമ്മൾ മലയാളികള്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്.എന്നാല്‍ മലപ്പുറത്തിനു ആ മനോഹാരിത നല്‍കുന്ന എല്ലാ സ്ഥലങ്ങളും നമുക്ക് അറിയണമെന്നില്ല .അങ്ങനെയുള്ള സ്ഥലങ്ങള്‍ സന്ദർശിച്ചാലെ നമുക്ക് മലപ്പുറത്തിന്റെ മനോഹാരിത നന്നായി ആസ്വദിക്കാൻ കഴിയൂ… അതുകൊണ്ട് തന്നെ അവിടുത്തെ  ഏറ്റവും നല്ല വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒരു എത്തിനോട്ടമാകാം.       

10. സിൽസില വാട്ടർ തീം പാർക്ക് 

മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ജനപ്രീതി നേടിയ ഒരു അമ്യൂസ്‌മെൻറ് & വാട്ടർ തീം പാർക്കാണ് സിൽസില പാർക്ക്. മികച്ച സേവനങ്ങളും റൈഡുകളും കാരണം മഞ്ചേരിയിലെ ഈ പാർക്കിലേക്ക് ദിനംപ്രതി ഒരുപാട് വിനോദസഞ്ചാരികൾ ഒഴുകിയെത്തുന്നു .മനുഷ്യ നിർമ്മിതമായ വലിയ തടാകങ്ങൾ ,വെറ്റ് സ്ലൈഡുകൾ ,സ്വിങ് ,വേവ് പൂൾസ് എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ .

9. ആര്യ വൈദ്യശാല

മലപ്പുറത്ത് കോട്ടക്കൽ എന്ന ചെറുപട്ടണത്തിൽ, ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമുള്ള  രോഗികളുടെയും പണ്ഡിതന്മാരുടെയും സന്ദർശകരുടെയും  ഒരു പ്രവാഹ കേന്ദ്രമാണ് കോട്ടക്കൽ ആര്യ വൈദ്യശാല. ഇന്ത്യയിലെ പുരാതന വൈദ്യശാസ്ത്ര സമ്പ്രദായത്തിലുള്ള ഒരു മെഡിക്കൽ സെന്റർ ആണിത് . ഇവർ  രോഗങ്ങളുടെ ചികിത്സയ്ക്കായി പൂർണ്ണമായും പച്ചമരുന്നുകളെയും പ്രകൃതിദത്ത പ്രതിവിധികളെയും മാത്രമാണ് ആശ്രയിക്കുന്നത് . വൈദ്യശാലയുടെ സ്ഥാപകനായ ശ്രീ.പി.എസ്.വാര്യരുടെ നിര്യാണത്തിനുശേഷം ചാരിറ്റബിൾ ട്രസ്റ്റാക്കി മാറ്റിയ ഇവിടെ, ഒരു ആയുർവേദ ആശുപത്രിയും ഗവേഷണ കേന്ദ്രവും ഉണ്ട്. ഒരു ലബോറട്ടറി, ഒരു ഗവേഷണ വികസന വിഭാഗം, ഒരു നഴ്സിംഗ് ഹോം, അത്യാധുനിക മരുന്ന് നിർമ്മാണ യൂണിറ്റുകൾ, ആയുർവേദ പാരമ്പര്യത്തിന്റെ പരിണാമം കണ്ടെത്തുന്ന ഒരു മ്യൂസിയം, കഥകളി അക്കാദമി, അസംസ്കൃത വസ്തുക്കൾ നൽകുന്ന ഒരു ഔഷധ തോട്ടം എന്നിവയാൽ ഈ  കേന്ദ്രം നിറഞ്ഞിരിക്കുന്നു. ആയുർവേദ ഗവേഷണത്തിലും ചികിത്സയിലും മുൻനിരയിലുള്ള ഈ സ്ഥാപനം മലപ്പുറത്തെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് .

8. കുമാരഗിരി ഫാം & നേച്ചർ ക്യാമ്പ്

മലപ്പുറം ജില്ലയിലെ  പെരിന്തൽമണ്ണയ്ക്കടുത്ത് മങ്കടയിലാണ് കുമാരഗിരി ഫാം & നേച്ചർ ക്യാമ്പ് സ്ഥിതി ചെയ്യുന്നത്.  ഈ ഫാം കേരളത്തിലെ ഒരു കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടമാണ്. 1500 ഏക്കറാണ് ഈ ഫാമിന്റെ വിസ്തൃതി. സന്ദർശകർക്ക് ഈ ഫാമിൽ തന്നെ താമസിച്ചുക്കൊണ്ട് കേരള വിഭവങ്ങളും, മലനിരകളുടെ പച്ചപ്പും ആസ്വദിക്കാം. ജൂൺ മുതൽ മഴക്കാലത്ത് മാത്രമാണ് എസ്റ്റേറ്റുകൾ സന്ദർശകർക്കായി തുറന്നിരിക്കുന്നത്. തോട്ടത്തിനുള്ളിൽ ചെറിയ വനമേഖലയുണ്ട് . ആയതിനാൽ രാത്രിയാത്രകൾ മികച്ച അനുഭവമായിരിക്കും. 1200 അടി ഉയരമുള്ള കുന്നുകളുടെ മുകളിൽ കാപ്പി, ഏലം എന്നിവയ്‌ക്കൊപ്പം തേങ്ങയും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും ഇവിടെ വളരുന്നുണ്ട്. ക്യാമ്പിലെ സന്ദർശകർക്ക് ഇവിടുത്തെ കുളം ഉപയോഗിക്കാനും, കൃഷിരീതികൾ ആസ്വദിക്കാനും കഴിയും .നിലമ്പൂർ ഫോറസ്റ്റ് ഡിവിഷനാണ് ഫാം കാമ്പിന് ചുറ്റുമുള്ള മറ്റ് രസകരമായ പ്രദേശം.

7. ശാന്തിതീരം

ശാന്തിതീരം പാർക്ക് ഒരു വിനോദ പാർക്കാണ്. മനോഹരമായ പ്രകൃതിദത്ത വനങ്ങളുടെയും, ജലാശയങ്ങളുടെയും വിശാലമായ കാഴ്ച നൽകുന്ന ഈ പാർക്ക്‌, മലപ്പുറത്തെ സിവിൽ സ്റ്റേഷൻ റോഡിലാണ് സ്ഥിതി ചെയ്യുന്നത്. സാഹസിക വിനോദങ്ങൾക്കും, ജല-കായിക വിനോദങ്ങൾക്കും ശാന്തിതീരം പ്രശസ്തമാണ്. തടാകത്തിന്റെ തീരത്തായി ഒരു ഹെറിറ്റേജ് റിസോർട്ടും കൂടി ഇവിടെയുണ്ട്. പ്രകൃതി സ്നേഹികളുടെ പറുദീസയും, വാരാന്ത്യ അവധിക്കാല ഉല്ലാസ കേന്ദ്രവുമാണ് ഈ പാർക്ക്. കടലുണ്ടി നദിയുടെ തീരത്തുള്ള ഇവിടം, പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ഹാങ്ങ്ഔട്ട് ചെയ്യാനുള്ള മികച്ച സ്ഥലമാണ്. ബോട്ടിംഗ് ആണ് ഇവിടുത്തെ പ്രധാന വിനോദം. പെഡൽ ബോട്ടിംഗ് ,കുട്ടവഞ്ചി എന്ന് വിളിക്കുന്ന ബൗൾ ബോട്ട് സവാരി , ഓഫ് റോഡ് റൈഡിങ് എന്നിവയും ഇവിടെ നടത്താം .

6. കൊല്ലംകൊല്ലി വെള്ളച്ചാട്ടം

മലപ്പുറം ജില്ലയിലെ അരീക്കോട് നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെ വാഴക്കാട് ചെക്കുന്നമലയുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന കൊല്ലംകൊല്ലി വെള്ളച്ചാട്ടം, വിനോദസഞ്ചാരികൾക്ക് അതിമനോഹരമായ ഒരു കാഴ്ച വിസ്മയം സമ്മാനിക്കുന്നു. 300 അടിയോളം ഉയരത്തിൽ നിന്നാണ് ഈ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. വെള്ളച്ചാട്ടത്തിനു സമീപത്തായി വലിയൊരു കരിങ്കൽ ക്വാറിയുണ്ട്. അതിലൂടെ വേണം സഞ്ചാരികൾക്ക് വെള്ളച്ചാട്ടത്തിനടുത്തെത്താൻ. അവിടെയുള്ള ഉല്ലാസമെല്ലാം തന്നെ മനസ്സിനും ശരീരത്തിനും ഒരുപോലെ ഉണർവ്വേകുന്നതാണ്.

5. മിനി ഊട്ടി

മലപ്പുറത്തെ മനം മയക്കുന്ന അരിമ്പ്ര കുന്നുകളുടെ മറ്റൊരു പേരാണ് മിനി ഊട്ടി. ഇന്ത്യയിലെ പ്രശസ്തമായ ഹിൽ സ്റ്റേഷനുകളിലൊന്നായ ഊട്ടിയോട് സാമ്യമുള്ളതിനാലാണ് ഈ സ്ഥലത്തിന് ഇങ്ങനൊരു വിളിപ്പേര് ലഭിച്ചത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം, ചുറ്റുമുള്ള താഴ്‌വരകളുടെയും, ഉരുണ്ട കുന്നുകളുടെയും സൗന്ദര്യത്തിന്റെ പേരിൽ പ്രശസ്തമാണ്. ഊട്ടിയോടുള്ള സാമ്യതയും, മലനിരകളും, പ്രകൃതിരമണീയമായ കാഴ്ചകളുമെല്ലാം നിരവധി സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. ഒപ്പം പ്രദേശവാസികളുടെ പ്രിയപ്പെട്ട വാരാന്ത്യ അവധിക്കാല ഇടവുമാണിത്. കുന്നിൻ മുകളിൽ നിരവധി കല്ല് ക്രഷറുകളും, തോട്ടങ്ങളും, മലയുടെ പടിഞ്ഞാറ് ഭാഗത്ത് ഒരു പഴയ ഹരിജൻ കോളനിയും ഉണ്ട്.

4. കടലുണ്ടി പക്ഷിസങ്കേതം

കേരളത്തിലെ മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിലാണ് കടലുണ്ടി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 200 മീറ്റർ ഉയരത്തിലാണ് ഈ പക്ഷി സങ്കേതം. കോഴിക്കോട് നഗരമധ്യത്തിൽ നിന്ന് 19 കിലോമീറ്റർ അകലെയുള്ള ഈ സങ്കേതം കടലുണ്ടിപ്പുഴ അറബിക്കടലിൽ പതിക്കുന്ന ഒരു കൂട്ടം ദ്വീപുകളിൽ വ്യാപിക്കുന്നു. നൂറിലധികം നാടൻ പക്ഷികളുടെയും 60-ലധികം ഇനം ദേശാടന പക്ഷികളുടെയും ആവാസ കേന്ദ്രമാണിത്. സങ്കേതത്തിലേക്ക് വരുന്ന ദേശാടന പക്ഷികളിൽ കടൽ കാക്കകൾ, നീർക്കാടകൾ, മണൽ കോഴികൾ, പച്ചക്കാലി ഇനത്തിലുള്ള പക്ഷികൾ, കല്ലുരുട്ടിക്കാടകൾ എന്നിവ ഉൾപ്പെടുന്നു. വൈവിധ്യമാർന്ന മത്സ്യങ്ങൾക്കും, ചിപ്പികൾക്കും, ഞണ്ടുകൾക്കും പേരു കേട്ട ഇടമാണ് ഇവിടം. ഇവിടുത്തെ കണ്ടൽ സസ്യങ്ങൾ, നീരാളികൾക്കും, കുറുനരികൾക്കും അഭയം നൽകുന്നു. ഈ സങ്കേതത്തിൽ മൂർഖൻ, ക്രൈറ്റ്, അണലി, മുതല, ആമ തുടങ്ങിയ നിരവധി ഇനം ഉരഗങ്ങളും ഉണ്ട്.

3. ഫ്ലോറ ഫന്റാസിയ അമ്യൂസ്‌മെന്റ് പാർക്ക്

മലപ്പുറം ജില്ലയിൽ വേങ്ങാടുള്ള ഫ്ലോറ ഫന്റാസിയ അമ്യൂസ്മെന്റ് പാർക്ക്, 14 ഏക്കറിൽ പരന്നു കിടക്കുന്ന ഒരു വാട്ടർ തീം പാർക്ക് കൂടിയാണ്. 2012 ൽ സ്ഥാപിതമായ ഈ പാർക്ക് , മലപ്പുറത്തുള്ള പ്രധാന വിനോദ കേന്ദ്രങ്ങളിലൊന്നാണ്. ഇവിടുത്തെ റാമ്പുകളും, വിശ്രമസ്ഥാനങ്ങളും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുള്ള അവസരമൊരുക്കുന്നവയാണ്. സുനാമി സവാരിയും, ടൈഫൂൺ ടണലും, ഒപ്പം ടൊർണാഡോ സവാരിയും, പാർക്കിലെ പ്രധാന വാട്ടർ റൈഡുകളാണ്. ലാൻഡ് റൈഡുകളെ കൂടുതൽ ഉല്ലാസകരമാക്കാനായി അവിടെ ഒരു ക്രിക്കറ്റ് പിച്ച് ഗെയിമും, വലിയ ഫെറിസ് വീലും, കൂടാതെ ഒരു 16D തീയേറ്ററും ഉണ്ട് . കുട്ടികളും കുടുംബവുമായി ഒരു ദിവസം ആഘോഷിക്കാൻ കാത്തിരിക്കുന്നവർക്ക് ഇവിടം മറക്കാനാകാത്ത അനുഭവം സമ്മാനിക്കും.

2. കൊടികുത്തിമല

മലപ്പുറം ജില്ലയിലെ മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് കൊടികുത്തിമല. മഞ്ഞുവീഴ്ചയുള്ള അന്തരീക്ഷം സഞ്ചാരികളെ ശല്യപ്പെടുത്താതെ തന്നെ സൂര്യോദയവും, സൂര്യാസ്തമയവും കാണാൻ അവസരമൊരുക്കുന്നു. സമുദ്ര നിരപ്പിൽ നിന്ന് 522 മീറ്റർ ഉയരത്തിലുള്ള ഈ മലയോര പ്രദേശത്തെ വറ്റാത്ത നീരുറവകൾ, സ്‌ഫടികം പോലെ തെളിഞ്ഞ വെള്ളച്ചാട്ടങ്ങൾ, മൂടൽ മഞ്ഞ് നിറഞ്ഞ അന്തരീക്ഷം, പച്ചപ്പ് നിറഞ്ഞ താഴ്‌വര, എന്നിവ ഇവിടുത്തെ ആകർഷണങ്ങൾ ആണ്. പെരിന്തൽമണ്ണ ടൗണിൽ നിന്ന് 10 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കൊടികുത്തിമല, അമ്മിണികണ്ടൻ മലനിരകളിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമാണ്. ഒരിക്കൽ ബ്രിട്ടീഷുകാർ പതാക ഉയർത്തിയ ഈ സ്ഥലം ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് വിനോദസഞ്ചാരികൾക്കായി തുറന്നു കൊടുത്തതാണ്. കുന്നിൻ മുകളിലുള്ള വാച്ച് ടവറിൽ നിന്നും നോക്കിയാൽ വിനോദസഞ്ചാരികൾക്ക് വിശാലമായ ദൃശ്യ മനോഹാരിത ലഭിക്കും.

1. നിലമ്പൂർ തേക്ക് മ്യൂസിയം

നിലമ്പൂർ തേക്ക് മ്യൂസിയം ലോകത്തിലെ തന്നെ ഏക തേക്ക് മ്യൂസിയമാണ്. നിലമ്പൂരിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സബ് സെന്റർ ക്യാമ്പസ്സിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയം, 1995 മുതൽ പ്രവർത്തനക്ഷമമാണ് .തേക്കിന്റെ ചരിത്രം, കൃഷി, ഉപയോഗം, പരിപാലനം, രൂപഘടന, വിളവെടുപ്പ്, തേക്കിന്റെ ശാരീരിക വൈകല്യങ്ങൾ മുതലായവയെപ്പറ്റി സന്ദർശകർക്ക് അറിവ് നൽകുക എന്നതാണ് മ്യൂസിയത്തിന്റെ പ്രധാന ലക്ഷ്യം. തേക്കിന്റെ പുറംതൊലി, പൂവ്, ഫലം എന്നിവയുടെ വിശദമായ വിവരണം നമുക്ക് ഇവിടെ നിന്ന് ലഭിക്കും. പരമ്പരാഗത കളപ്പുരയും, തേക്ക് തടിയിൽ നിർമ്മിച്ച കപ്പലിൻറെ ചെറിയ മാതൃകയുമാണ് ഇവിടുത്തെ മറ്റ് ചില ആകർഷണങ്ങൾ. കോട്ടയം ഡിവിഷനിലെ നഗരംപാറ ഫോറസ്റ്റ് റേഞ്ചിൽ നിന്ന് കൊണ്ടുവന്ന 480 വർഷം പഴക്കമുള്ള തേക്ക് മരത്തിന്റെ വലിയ കുറ്റിയും ഇവിടെ കാണാം. 800 മീറ്റർ നീളമുള്ള ജൈവവിഭവങ്ങളുടെ പ്രകൃതിദത്ത പാതയിൽ 300-ലധികം ചിത്രശലഭങ്ങളും, നിശാശലഭങ്ങളും വിവിധയിനം പക്ഷികളും ഉരഗങ്ങളുമുണ്ട്. പ്രകൃതിദത്തമായി വളരുന്ന 50 വൃക്ഷ ഇനങ്ങളും പശ്ചിമഘട്ടത്തിലെ വംശനാശഭീഷണി നേരിടുന്ന 136 വൃക്ഷ ഇനങ്ങളും ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –