മൂവാറ്റുപുഴ പണ്ടപ്പള്ളിയില്‍ റോഡിന് സമീപത്തെ കനാലാണ് 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞുവീണത്. മുവാറ്റുപുഴ വാലി ജലസേചന പദ്ധതിയുടെ ഭാഗമായി മലങ്കര ഡാമില്‍നിന്ന് വെള്ളം വിവിധ സ്ഥലങ്ങളിലെത്തിക്കുന്ന കനാലിന്റെ ഉപകനാലാണ് തകര്‍ന്നത്. ഞായറാഴ്ച വൈകീട്ടാണ് കനാല്‍ തകര്‍ന്നുവീണത്. തലനാരിഴക്കാണ് വലിയ അപകടം ഒഴിവായത്. കനാല്‍ ഇടിയുന്നതിന് തൊട്ടുമുമ്പ് റോഡിലൂടെ വാഹനങ്ങള്‍ കടന്നു പോയിരുന്നു. മുവാറ്റുപുഴ, മാറാടി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് കുടിവെള്ളത്തിനും കൃഷിയാവശ്യത്തിനും വെള്ളം കൊണ്ടുപോകുന്നത് ഈ ഉപകനാലിലൂടെയാണ്. കനാല്‍ ഇടിഞ്ഞ് മണ്ണും വെള്ളവും റോഡിലേക്ക് ഒഴുകിയിറങ്ങിയതോടെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. വെള്ളം കുത്തിയൊഴുകിയെത്തി സമീപത്തെ വീട്ടില്‍ വെള്ളക്കെട്ടുണ്ടാകുന്ന സ്ഥിതിയുമുണ്ടായി. ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്താതെയും അടിഞ്ഞു കൂടി കിടക്കുന്ന മാലിന്യവും മണ്ണും നീക്കം ചെയ്യാതെയും വെള്ളം തുറന്നു വിട്ടതാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം