ദേശാടനസ്വഭാവമുള്ള സെഡ്ജ് വാബ്ലെര്‍ എന്ന പക്ഷിയെ കണ്ടെത്തിയത് കണ്ണൂര്‍ ജില്ലയിലെ കൈപ്പാട് പ്രദേശമായ ഏഴോമില്‍നിന്ന്. പക്ഷിനിരീക്ഷകനായ മനോജ് കരിങ്ങാമഠത്തിലും പയ്യന്നൂര്‍ കോളേജിലെ ഗവേഷകവിദ്യാര്‍ത്ഥിയായ സച്ചിന്‍ചന്ദ്രനുമാണ് പതിവു പക്ഷിനിരീക്ഷണത്തിനിടയില്‍ ഇതിനെ കണ്ടെത്തിയത്. ഇടത്തരം വലിപ്പമുള്ള ഈ വാബ്ലെര്‍, വയലിലെ കുറ്റിച്ചെടികളും പുല്ലുകളും നിറഞ്ഞ നിലത്തോട് ചേര്‍ന്ന് ഇരതേടുന്നതിനിടയിലാണ് ശ്രദ്ധയില്‍പ്പെട്ടത്. സ്ട്രീക്കുകളുള്ള ബ്രൗണ്‍ പുറവും ചിറകും നിറമില്ലാത്ത മങ്ങിയ വയര്‍ഭാഗവും എടുത്തു നില്‍ക്കുന്ന വെള്ളകലര്‍ന്ന കണ്‍പുരികവും ഇരുണ്ട നെറ്റിത്തടവുമാണ് മറ്റുള്ള വാബ്ലേസില്‍നിന്നും വ്യത്യസ്ഥമായി തിരിച്ചറിയാന്‍ സഹായിക്കുന്നത്.