ഒരു കാലത്ത് ദാരിദ്ര്യം മൂലം വിവാഹം, ചികിത്സാ ചെലവുകള്‍, മറ്റ് അടിയന്തിരാവശ്യങ്ങള്‍ എന്നിവക്കായി പണം കണ്ടെത്താന്‍ ഒരു നാട് കൈകോര്‍ത്ത് കണ്ടെത്തിയ ഉപാധിയായിരുന്നു ചായക്കുറി. 80കള്‍ വരെ തീരദേശത്ത് സജീവമായി ചായക്കുറികള്‍ നടന്നിരുന്നു. പാവപ്പെട്ടവര്‍ക്ക് വലിയ ആശ്വാസമായിരുന്നു ഇതിലൂടെ ലഭിച്ചിരുന്ന സാമ്പത്തിക സഹായം. നാണയതുട്ടുകള്‍ മുതല്‍ നോട്ടുകള്‍ വരെ നല്‍കി ചായയും കുടിച്ച് പിരിയുന്ന മനുഷ്യ സ്നേഹത്തിന്റെ നിറവായിരുന്ന ചായക്കുറി കാരയില്‍ പുനഃസൃഷ്ടിച്ചത് സിപിഐ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസ് നിര്‍മാണത്തിനുള്ള പണം കണ്ടെത്താനാണ്. ഓല മറച്ച ചായക്കടയില്‍ റാന്തല്‍ വിളക്കും, ജയന്‍ നായകനായ കോളിളക്കം സിനിമ എറിയാട് ചേരമാന്‍ തിയറ്ററില്‍ കളിക്കുന്ന പോസ്റ്ററും, കെപിഎസി യുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകത്തിന്റെ പോസ്റ്ററും മരബെഞ്ചും സമോവറുമെല്ലാമായി പഴമക്കാര്‍ക്ക് ഗൃഹാതുരതയും പുതുതലമുറയ്ക്ക് കൗതുകവുമായി.