മൂന്നു ദിവസങ്ങളിലെ ഈ ചരിത്ര യാത്രയ്ക്കിടയില്‍ രാഹുല്‍ഗാന്ധി ജില്ലയിലെ മത നേതാക്കള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, സാമൂഹിക നേതാക്കള്‍, കലാകായിക പ്രതിഭകള്‍, വ്യത്യസ്ത രാഷ്ട്രീയങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, സാഹിത്യനായകന്മാര്‍, വ്യാപാര പ്രമുഖര്‍, ഉള്‍പ്പെടെയുള്ളവരുമായി സംവാദിക്കുമെന്ന് ജില്ല കോണ്‍ഗ്രസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവിധ പൊതുസമ്മേളനങ്ങളില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്, ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍, പ്രിയങ്ക ഗാന്ധി, ജയറാം രമേശ്, കെ സി വേണുഗോപാല്‍,താരിഫ് അന്‍വര്‍,ദിക് വിജയ് സിംഗ്, യൂത്ത് കോണ്‍ഗ്രസ് അഖില പ്രസിഡന്റ് ബി വി ശ്രീനിവാസ് തുടുങ്ങിയവര്‍ പങ്കെടുക്കും.
22 ന് നാലുമണിക്ക് ജില്ലാ അതിര്‍ത്തിയായ ചിറങ്ങരയില്‍ നേതാക്കള്‍ യാത്രയെ സ്വീകരിക്കും. വൈകിട്ട് ഏഴുമണിക്ക് ചാലക്കുടിയില്‍ സമ്മേളനത്തോടെ സമാപിക്കും.
സെപ്റ്റംബര്‍ ഇരുപത്തിമൂന്നാം തീയതി വിശ്രമ ദിനമായിരിക്കും.സെപ്റ്റംബര്‍ 24ന് ചാലക്കുടിയില്‍ നിന്നും രാവിലെ 7 മണിക്ക് ആരംഭിക്കുന്ന പദയാത്ര നാഷണല്‍ ഹൈവേയിലൂടെ കൊടകര വഴി രാവിലെ 11 മണിക്ക് ആമ്പല്ലൂരില്‍ സമാപിക്കും.
വൈകുന്നേരം 4 മണിക്ക് ആമ്പല്ലൂരില്‍ നിന്നും ആരംഭിക്കുന്ന പദയാത്ര ഒല്ലൂര്‍, കുരിയച്ചിറ വഴി, ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡില്‍ എത്തിച്ചേര്‍ന്ന്, എം ഒ റോഡ് വഴി, തൃശൂര്‍ സ്വരാജ് റൗണ്ടില്‍ പ്രവേശിക്കും. റൗണ്ട് ചുറ്റി തെക്കേഗോപുര നടയില്‍ സമ്മേളനത്തോടെ 24 ലെ പദ യാത്ര സമാപിക്കും.
സെപ്റ്റംബര്‍ 25ന് രാവിലെ ഏഴുമണിക്ക് വിയ്യൂരില്‍ നിന്നും പദയാത്ര ആരംഭിച്ച് മുളങ്കുന്നത്തുകാവ് വഴി വടക്കാഞ്ചേരിയില്‍ 11 മണിക്ക് എത്തിച്ചേരും. 25ന് വൈകിട്ട് നാലുമണിക്ക് വടക്കാഞ്ചേരിയില്‍ നിന്നും ആരംഭിക്കുന്ന പദയാത്ര വാഴക്കോട് വഴി , വെട്ടിക്കാട്ടിരി സെന്ററില്‍ എത്തിച്ചേര്‍ന്ന് ഏഴു മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തോട്കൂടി തൃശ്ശൂര്‍ ജില്ലയിലെ യാത്ര സമാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, ടിഎന്‍ പ്രതാപന്‍ എംപി തുടങ്ങി നിരവധി നേതാക്കള്‍ സംബന്ധിച്ചു.






