ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‍വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിംഗ് യാദവ് (ഒക്ടോബര്‍ 10 തിങ്കളാഴ്ച പുലര്‍ച്ചെ) അന്തരിച്ചു. നേരത്തെ, ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മുലായം സിംഗ് യാദവിനെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റിയിരുന്നു.
82 കാരനായ മുലായത്തിന് ശ്വാസതടസ്സം നേരിടുന്നുണ്ടെന്നും മേദാന്ത ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ വിദഗ്ധന്റെ മേല്‍നോട്ടത്തിലായിരുന്നുവെന്നും ശ്രോതസ്സുകള്‍ അറിയിച്ചു. സിംഗിന് മൂത്രാശയ അണുബാധയും ഉണ്ടായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഒക്ടോബര്‍ രണ്ടിന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. മുലായത്തിന്റെ മകനും എസ്പി അധ്യക്ഷനുമായ അഖിലേഷ് യാദവ് ഭാര്യ ഡിംപിളിനൊപ്പമാണ് ഗുരുഗ്രാം ആശുപത്രിയിലെത്തിയത്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ നിന്നുള്ള ലോക്സഭാ അംഗം കൂടിയാണ് മുലായം. 1989-ല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയാണ് മുലായം സിങ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരത്തിലേറിയത്. അതിന് ശേഷം കോണ്‍ഗ്രസിന് ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്താനായിട്ടില്ല. 1989 മുതല്‍ 2007 വരെ മൂന്ന് തവണകളായി മുലായം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി.1996 ജൂണ്‍ മുതല്‍ 1998 മാര്‍ച്ച് വരെ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായും പ്രവര്‍ത്തിച്ചു.