ചിമ്മിനി ഡാം നിര്‍മ്മാണത്തിനായി കുടിയൊഴിക്കപ്പെട്ട ആദിവാസികള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഭൂമി മുഴുവനും ലഭ്യമായത് 30 ആണ്ട് നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍. ചിമ്മിനി വനമേഖലയിലെ നടാംപാടം കോളനിയിലായിരുന്നു ആദിവാസി കോളനി. ഡാമില്‍ വെള്ളം സംഭരിക്കുന്നതോടെ ഇവര്‍ താമസിച്ചിരുന്ന സ്ഥലം മുങ്ങിപ്പോകുമെന്നതിനാല്‍ കുടിയൊഴിപ്പിച്ചു. 1975ല്‍ ഡാമിന്റെ നിര്‍മ്മാണം ആരംഭിച്ചു. അന്ന് മുതല്‍ ആദിവാസികള്‍ക്ക് കുടിയൊഴിപ്പിക്കല്‍ ഭീഷണി നിലനിന്നു. വെളളം സംഭരിക്കാറായത് 1990ലാണ്. കുടിയൊഴിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ അതുവരെയും മാറിവന്ന സര്‍ക്കാരുകള്‍ക്ക് സാധിച്ചില്ല. 1990 മുതല്‍ ആദിവാസികള്‍ സമരം ആരംഭിച്ചു.